രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവയ്ക്കില്ല; നടപടി സസ്പെന്‍ഷനില്‍ ഒതുക്കി കോണ്‍ഗ്രസ്
തിരുവനന്തപുരം: തിരുവനന്തപുരം: ആരോപണ വിധേയനായ കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്. പാര്‍ട്ടിയിലെ എല്ലാ പദവികളും മരവിപ്പിച്ചു. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രാഹുലിനോട് കെപിസിസി വിശദീകരണം തേടും. രാഹുല്‍ നല്‍കുന്ന വിശദീകരണം തൃപ്തികരമല്ലെങ്കില്‍ പാര്‍ട്ടിയില്‍നിന്നു പുറത്താക്കാനാണ് നീക്കം. പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതോടെ 15ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ രാഹുല്‍ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും. അതേസമയം നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാതെ രാഹുല്‍ അവധിയില്‍ പ്രവേശിക്കാനാണ് സാധ്യത. നേരത്തെ ആരോപണം ഉയര്‍ന്നതിന് പിന്നാലെ യുത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാഹുലിനെ മാറ്റിയിരുന്നു. അതിന് പിന്നാലെയാണ് പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാനുള്ള തീരുമാനം ഉണ്ടായത്. ദുരനുഭവമുണ്ടായെന്ന യുവനടി റിനി ആന്‍ ജോര്‍ജ്, ട്രാന്‍സ് വുമണ്‍ അവന്തിക എന്നിവരുടെ വെളിപ്പെടുത്തലിനൊപ്പം പല കോണില്‍നിന്ന് രാഹുലിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. രാഹുലിനെ സംബന്ധിച്ച നിരവധി പരാതികള്‍ കേന്ദ്ര നേതൃത്വത്തിനും ലഭിച്ചിരുന്നു. രാഹുല്‍ എംഎല്‍എ സ്ഥാനവും രാജിവയ്ക്കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ത്തന്നെ അഭിപ്രായം ഉയര്‍ന്നെങ്കിലും തല്‍ക്കാലം രാജിയില്ലാതെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എംഎല്‍എ സ്ഥാനത്തുനിന്ന് രാജിവയ്ക്കില്ലെന്ന് രാഹുലും വ്യക്തമാക്കിയിരുന്നു.